ന്യൂഡൽഹി: ഈമാസം 21ന് നടക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ മുതൽ പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തിയും റഫ് വർക്കിനായുള്ള ബുക്ക്ലെറ്റിൽ കൂടുതൽ സ്ഥലം നൽകിക്കൊണ്ടും എൻടിഎ വിജ്ഞാപനം പുറത്തിറക്കി.
വിജ്ഞാപനപ്രകാരം ഉച്ചകഴിഞ്ഞ് രണ്ടുമുതൽ വൈകുന്നേരം 5.15 വരെയാണു പരീക്ഷാസമയം. 15 മിനിറ്റാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. നേരത്തേ അധിക സമയം നൽകുമെന്ന് എൻടിഎ പ്രഖ്യാപിച്ചിരുന്നെങ്കിലും അതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നില്ല.
പരീക്ഷയ്ക്കുമുന്പ് അറ്റൻഡൻസ് ഷീറ്റിൽ ഒപ്പിടൽ, ഇൻവിജിലേഷൻ നടപടികൾ തുടങ്ങിയ കാര്യങ്ങൾക്കായി വിദ്യാർഥികളുടെ സമയപരിധി നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്.
കൂടാതെ ചോദ്യപേപ്പറിലെ റഫ് വർക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടിൽനിന്നു നാലായി ഉയർത്തി. മുന്പ് ബുക്ക്ലെറ്റിന്റെ ഏറ്റവും അവസാനത്തിൽ മാത്രമായിരുന്നു റഫ് പേജുകൾ ഉണ്ടായിരുന്നത്.
എന്നാൽ ഇനിമുതൽ രണ്ട് റഫ് പേജുകൾ നിർദേശങ്ങളടങ്ങിയ ഭാഗത്തിനു പിന്നിലും ബാക്കി രണ്ടു പേജുകൾ ബുക്ക്ലെറ്റിന്റെ അവസാനത്തിലും നൽകും.